ആലുവ: പള്ളി തിരുനാൾ സ്ഥലത്ത് വില്പന നടത്തിയ മൊബൈൽ ഐസ്ക്രീം വിൽപ്പന കേന്ദ്രത്തിൽ നിന്നും ഭക്ഷ്യവിഷ ബാധയേറ്റ് നാലു മുതിർന്നവരും, 28 കുട്ടികളുമടക്കം 32 പേർ ചികിത്സ തേടി.
കടുങ്ങല്ലൂർ പഞ്ചായത്തിലെ പള്ളിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. അന്ന് കഴിച്ചവരാണ് രണ്ടു ദിവസങ്ങളായി ഛർദ്ദിയും വയറിളക്കവും മൂലം ചികിത്സതേടിയത്. ആരുടെയും നില ഗുരുതരമല്ല.
ഞായറാഴ്ച്ച രാത്രിയും ഇന്നലെ രാവിലെയുമായി എടയാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, പാതാളം ഇഎസ്ഐ എന്നിവിടങ്ങളിലാണ് ചികിത്സ തേടിയത്. കടുങ്ങല്ലൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം, ഡിഎംഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.